ബിരുദത്തില്‍ ഉന്നത വിജയം നേടിയ ഞാന്‍ കോളേജിലെ സമ്മാനദാന ചടങ്ങുകളെല്ലാം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ്കളും സമ്മാനങ്ങളുമായി നേരെ വീടിലെക്ക് മടങ്ങി. മടങ്ങുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടിരുന്ന, വാപ്പയോട് പറഞിരുന്ന ബൈക്കായിരുന്നു മനസ്സില്‍ നിറയെ. വീട്ടിലെത്തിയ എന്നെ വാപ്പ അടുത്തുവിളിച്ചു കെട്ടിപിടിച്ചു ഒപ്പം ഒരു മനോഹരമായ സമ്മാനപൊതിയും കയ്യില്‍ തന്നു. സന്തോഷത്താല്‍ വേഗം ഞാന്‍ എന്‍റെ മുറിയിലേക്ക് കയറി സമ്മാന പൊതി അഴിച്ചു. മനോഹരമായ ഒരു ബോക്സിനുള്ളില്‍ ഒരു വിശുദ്ധ ഗ്രന്ഥം! എനിക്കാകെ ദേഷ്യമായി, ബോക്സ് വലിച്ചെറിഞ്ഞു! ബൈക്കിന്‍റെ താക്കോല്‍ പ്രതീക്ഷിച്ച എനിക്ക് കിട്ടിയതോ വിശുദ്ധ ഗ്രന്ഥം! എല്ലാം വലിച്ചെറിഞ്ഞു ആരും അറിയാതെ പുറത്തേക്ക് നടന്നു... എവിടേക്കിന്നില്ലാതെ. എല്ലാം അപ്പൊ തോന്നിയ ആവേശമായിരുന്നു. വീട് വിട്ട് ജീവിച്ച ഞാന്‍ സ്വയം എല്ലാം നേടണം എന്ന വാശിയില്‍ പിന്നീടൊരിക്കലും വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ ഓര്‍മ്മിച്ചതേയില്ല. ഒരു പക്ഷെ വാപ്പയോടുള്ള വാശിയില്‍ വാരിക്കൂട്ടിയ സൗഭാഗ്യങ്ങളെല്ലാം ആസ്വദിക്കുന്ന തിരക്കില്‍ ഞാന്‍ നാടിനെയും വീടിനെയും മറന്നു പോയതാകാം!
കാലങ്ങള്‍ കഴിഞ്ഞു... സ്വയം നേടിയെടുത്ത നേട്ടങ്ങളും ബിസിനസ് സാമ്രാജ്യവും എന്‍റെ ജീവിതത്തെ ഏറെ തിരക്കുള്ളതാക്കി മാറ്റി. പതിവ് ബിസിനസ് സംബന്ധമായ യാത്രകള്‍ കഴിഞ്ഞു ഓഫീസിലെത്തിയ ഒരുദിവസമായിരുന്നു അന്ന്. സാധാരണ പോലെതന്നെ അന്നും ഒത്തിരിയേറെ കത്തുകള്‍ ഉണ്ടായിരുന്നു. കത്തുകള്‍ സോര്‍ട്ട് ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി കണ്ണില്‍പ്പെട്ട ഒരു കത്തെടുത്ത് പൊട്ടിച്ചു... വെറും രണ്ട് വരികള്‍ മാത്രം... `മോനെ... ഞാന്‍ അവശ നിലയിലാണ്.... അവസാനമായി നിന്നെ ഒന്ന് കാണാന്‍ ആഗ്രഹമുണ്ട്’. സ്നേഹപൂര്‍വ്വം വാപ്പ. ഒപ്പം ഒരു വില്‍ പത്രവും. വാപ്പയുടെ സ്വത്തിന്‍റെ അവകാശമെല്ലാം ഏകമകനായ എനിക്കാണെന്നെഴുതിയ വില്‍ പത്രം! ഞാന്‍ സ്തംഭിച്ചുപോയി... കണ്ണിലും മനസ്സിലും ഇരുട്ടു കയറുന്നത് പോലെ... ആകെ വല്ലാത്ത ഒരു അവസ്ത... കുട്ടിക്കാലം... വീട്.... വാപ്പ... ഉമ്മ.... എല്ലാം മിന്നല്‍ പിണര്‍ പോലെ മനസില്‍ മിന്നി മറയുകയാണ്. വീട്ടില്‍ എത്തണം... വാപ്പയെ കാണണം... ഒന്നും ആലോചിച്ചില്ല... അത്യാവശ്യത്തിനുള്ളതെല്ലാം എടുത്തു പെട്ടന്ന് തന്നെ വീട്ടിലേക്കു തിരിച്ചു....
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വീട്ടില്‍ എത്തുന്നത്.... എങ്ങും ശൂന്യത... എല്ലാം കഴിഞ്ഞിരിക്കുന്നു.... വാതില്‍ തള്ളിത്തുറന്നു അകത്ത് കടന്നു... ആരെയും കാണുന്നില്ല.. ഞാന്‍ ജനിച്ചുവളര്‍ന്ന വീട് ഒരു സ്മശാനം പോലെ തോന്നി... എങ്ങും നിശബ്ദത മാത്രം. പതുക്കെ എന്‍റെ മുറിയിലേക്ക് ഞാന്‍ നടന്നു... കാലം വരുത്തിയ പഴക്കം ഒഴികെ എല്ലാം അതുപോലെ തന്നെ. വാപ്പ സമ്മാനിച്ച സമ്മാന പൊതി അതുപോലെ തന്നെ ഷെല്‍ഫിലുണ്ട്. അടുത്തെത്തി വാപ്പ തന്ന സമ്മാനപ്പൊതി വിറയാര്‍ന്ന കൈകളോടെ ഒന്നുകൂടി തുറന്നു. വിശുദ്ധ ഗ്രന്ഥത്തിനടിയിലായി മറ്റൊരു ചെറിയ ബോക്സ് ഞാന്‍ കണ്ടു! ആ ചെറിയ ബോക്സ് തുറന്ന ഞാന്‍ സ്തബ്ധനായി നിന്നുപോയി.... അതിനുള്ളില്‍ ഒരു ബൈക്കിന്‍റെ താക്കോലും രജിസ്റ്റര്‍ ചെയ്ത ബുക്കും. അന്ന് വാപ്പ എനിക്ക് വാങ്ങിയ എന്‍റെ സ്വപ്നമായിരുന്ന ബൈക്കിന്‍റെ താക്കോല്‍. ഞാന്‍ നില്‍ക്കുകയാണ് ഇടിവെട്ട് ഏറ്റവനെപ്പോലെ...!
********************* ശുഭം *********************