Monday, June 15, 2009

ഞാനും എന്‍റെ ചെറിയലോകവും

ന്‍റെ ചെറിയ ലോകത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.
ബ്ലോഗിങ്നെ കുറിച്ചു ഒത്തിരിയേറെ ആശയങ്ങള്‍ മനസിലൂടെ കടന്നു പോവുകയാണ്. എവിടുന്ന്, എങ്ങനെ, പലതരം ചിന്തകള്‍....... ചിന്തകള്‍ എന്നെ അകലെയുള്ള എന്‍റെ കൊച്ചുലോകത്തിലേക്കു കൊണ്ടുപോകുകയാണ്! അപ്പൊ ആകൊച്ചുലോകത്തെ കുറിച്ചുതന്നെ പറഞ്ഞു തുടങ്ങാം. ആല്ലേ?

ടയറ, ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ കൊച്ചു ഗ്രാമം മദ്രസ, വലിയ ഉസ്താത്, വെളുത്ത ഉസ്താത്, പള്ളിക്കൂടം, അക്കര, പള്ളി, ലൈബ്രറി, ആറ്, കായല്‍, പാലം, തോട്, വയല്‍, ഊളന്നട, കണ്ണംബ ക്ഷേത്രത്തിലെ ഉത്സവം, ഒരിക്കലും വറ്റിയിട്ടില്ലാത്ത തൂമ്പ്, പൂവങ്കല്‍, തയ്യല്‍, കരിയറ, കുമളി, പിന്നെ കുട്ടി രാഷ്ട്രീയം അങ്ങനെ ഒത്തിരിയേറെ വെത്യസ്ത ഘടകങ്ങളെ എന്നിലേക്ക് ഒന്നിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമം. അതാണ്‌ എന്‍റെ ചെറിയ ലോകം!

കുട്ടിക്കാലത്തെ ഓര്‍മകളില്‍ ആദ്യത്തേതില്‍ നിന്നുതന്നെ തുടങ്ങാം. ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്തുണ്ടായ ഒരു സംഭവമാണ്. അന്ന് ഞങ്ങള്‍ക്ക് നടയറ ജംഗ്ഷനില്‍ ഒരു ചായക്കട ഉണ്ടായിരുന്നു. താമസവും അവിടെ തന്നെ. രാത്രികാലങ്ങളിലും വെളുപ്പാന്‍ കാലത്തും ചിലപ്പോഴൊക്കെ റോഡില്‍ 'ഓ.. ഹോയ്‌ ഓ... ഹോയ്‌ ....' എന്നിങ്ങനെ ഒരു ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. പിന്നീടൊരിക്കല്‍ വാപ്പ പറഞ്ഞു അത് വര്‍ക്കല കൊട്ടാരത്തില്‍ നിന്നും ആരെയോ പല്ലക്കില്‍ കൊണ്ടുപോകുന്നവര്‍ ഉണ്ടാക്കുന്ന ശബ്ദമാണെന്ന്. അങ്ങനെ ഒരുദിവസം രാത്രിയില്‍ ജനലിലൂടെ ഞാനൊരു പല്ലക്ക് കണ്ടു. ചെറിയ ഒരു പല്ലക്കും അഞ്ചു പേരും, ഓരോ വശത്തും രണ്ടു പേര്‍ പിന്നെ ഒരാള്‍ വഴികാട്ടിയായി മുന്നിലും. അവര്‍ നടന്നു നീങ്ങുകയാണ് ഒപ്പം 'ഓ.. ഹോയ്‌ ഓ... ഹോയ്‌ ....' ശബ്ദവും.
.
എന്‍റെ പല സുഹൃത്തുക്കളും ഇതൊരു അസംഭവ്യമായ കാര്യമെന്നാണ് പറയുന്നത്. കാരണം ഇങ്ങനെ ഒരു സംഭവം എന്‍റെ കുട്ടിക്കാലത്തോ, അതിനു സമീപകാലത്തോ നടന്നതായി ആരും ഓര്‍ക്കുന്നില്ല. ആയതിനാല്‍ ഇപ്പൊ ഞാനും അല്പം കണ്ഫ്യുഷനില്‍ ആണ്. എന്തൊക്കെ ആയാലും അതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന പേടിയും, അന്ന് ഞാന്‍ കണ്ട ചെറിയ പല്ലക്ക് പോലത്തെ ആസാധനവും, അത് ചുമന്നു കൊണ്ട് ആള്‍ക്കാരും... ശബ്ദവും..... അതൊക്കെ ഓര്‍മകളില്‍ ഇന്നും ജീവിക്കുന്നു.

ഞങ്ങളുടെ കടയുടെ അടുത്തയാണ് സക്കീറും, ഹസ്ബുള്ളയും അവരുടെ വീടും. അന്നത്തെ കാലത്തു ഞങ്ങളുടെ കളി സങ്കേതം ആ വീടും പരിസരവുമായിരുന്നു. അവരുടെ വീടിന്‍റെ പിറക് വശവും, വലതു വശവും വയലായിരുന്നു. വലതു വശത്തെ കുറച്ചു ഭാഗം ചതുപ്പും ചെളിക്കുണ്ടും. അതുകൊണ്ട് തന്നെ ആ ഭാഗത്ത് കൃഷിയും ചെയ്തിരുന്നില്ല. ഒരു ദിവസം ഞാന്‍ ഒറ്റയ്ക്ക് ആഭാഗത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആസമയം തെങ്ങില്‍നിന്ന് ഒരു തേങ്ങ ആ ചതുപ്പ് ഭാഗത്തേക്ക്‌ വീണു. സക്കീറിന്റെ ഉമ്മയോട് ഞാന്‍ പറഞ്ഞു ഞാനതെടുത്ത് തരാമെന്നു. പക്ഷെ ജോലിത്തിരക്ക് കാരണം അവര്‍ക്കെന്നെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തേങ്ങ എടുക്കാനായി വയലിലേക്ക്‌ ഇറങ്ങി. അല്പം പന്തികേട്‌ തോന്നി, കാരണം അപ്പോഴേക്കും മുട്ടിനു മുകള്‍ വരെ ചെളിയില്‍ താഴ്ന്നു. എങ്കിലും തേങ്ങ എന്തോ വലിയ കാര്യമെന്ന പോലെ അതെടുക്കാനായി ഞാന്‍ മുന്നോട്ട്‌ നീങ്ങി. തേങ്ങ എടുക്കണമെങ്കില്‍ ഇനിയും മുന്നോട്ട്‌ പോയാലെ പറ്റൂ. ഞാനൊന്ന് തിരിഞ്ഞു നോക്കി, ആരെയും കാണുന്നില്ല. ' എന്തൊരു ധൈര്യം ' ഒന്നും ആലോചിക്കാതെ ഞാന്‍ മോന്നോട്ടു പോയി. തേങ്ങ കയ്യില്‍ കിട്ടിയപ്പോഴേക്കും വയറോളം ഞാന്‍ ചെളിയില്‍ താന്നു. എങ്ങനെയെങ്കിലും തേങ്ങ എടുത്തു പിറകിലേക്ക് എറിഞ്ഞു, കരയില്‍ വീണോ എന്നറിയില്ല. ഇനി തിരികെ പോകണം, ആകെ പരിഭ്രമമായി എങ്ങോട്ട് പോകണമെന്ന് അറിയില്ല. അപ്പോഴേക്കും കാലെടുത്തു പൊക്കാനാകാത്ത വിധം ഞാന്‍ ചെളിയില്‍ താന്നു നില്‍ക്കുകയാണ്‌‌. കരയാനോ, നിലവിളിക്കാനോ ഒന്നിനും തോന്നുന്നില്ല. എങ്ങോട്ട് നീങ്ങിയാലും താഴ്ന്നു പോകുകയാണ്. 'രക്ഷയില്ലാ...' ഞാനല്പം നീന്തി മുന്നോട്ടു പോയി. അപ്പോഴേക്കും നെഞ്ചിനു താഴെവരെ ചെളിയില്‍ മുങ്ങി. ആകെ ഭയമായി, വീണ്ടും മുന്നോട്ട്‌... എങ്ങനെയെങ്കിലും വയലിന്‍റെ അതിര് വരെ എത്തി. അപ്പോഴേക്കും തലമാത്രം പുറത്ത് കാണുന്നവിധം ഞാന്‍ ചെളിയില്‍ മുങ്ങി. അതിരില്‍ പിടിച്ചു വലതുകാല്‍ അതിരിന്റെ മുകളില്‍ വച്ചു കയറാന്‍ നോക്കി, പറ്റുന്നില്ല. കാല്‍ വരമ്പില്‍ ഉറക്കുന്നില്ല, വഴുതി താഴെ വീഴുകയാണ്. വീണ്ടും ശ്രമിച്ചു, നടക്കുന്നില്ല... പിന്നെ ഇടതു കാല്‍കൊണ്ടു ശ്രമിച്ചു, എന്നിട്ടും ഒരു രക്ഷയുമില്ല. ഇതിനിടയില്‍ തല ഒന്നു രണ്ടു പ്രാവശ്യം താഴ്ന്നു പൊങ്ങി. ആകെ ചെളിയില്‍ കുളിച്ചു നില്‍കുന്ന എന്നെക്കണ്ടാല്‍ ആര്‍കും തിരിച്ചറിയാന്‍ പറ്റാത്ത വിധമായി എന്‍റെ രൂപം. അങ്ങനെ എത്ര നേരം ഞാന്‍ ആ ചെളിക്കുണ്ടില്‍‍ മല്ലടിചെന്നറിയില്ല. 'ഭാഗ്യം!' ആസമയം വിസ ഖലാം ഇക്ക റോഡ് വഴി പോകുകയായിരുന്നു. യാദൃശ്ചികമായി എന്തോ ഒന്നു വയലിന്റെ അതിര്‍വരമ്പില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. ആദ്യം അദ്ദേഹം ഒന്നു നോക്കി നിന്നു. പിന്നെ കാര്യം മനസ്സിലായപ്പോ ഓടിവന്നെന്റെ കൈ പിടിച്ചു പൊക്കിയെടുത്തു. ഞാന്‍ ആരാണന്നു അദ്ദേഹത്തിന് മനസ്സിലായില്ല, കാരണം എന്‍റെ രൂപം അതായിരുന്നു. നേരെ എന്നെ സക്കീറിന്റെ വീട്ടിലെ കിണറ്റിനു അരികില്‍ കൊണ്ടുപോയി ഒരു ബക്കറ്റ്‌ വെള്ളം തലയിലൂടെ ഒഴിച്ചു, മുഖം വൃത്തിയായി. എന്നെ മനസ്സിലായ അദ്ദേഹം രണ്ട് അടിയും തന്നു നേരെ വീട്ടില്‍ കൊണ്ടാക്കി. അന്ന് അദ്ദേഹം എന്നെ രക്ഷിചില്ലായിരുന്നെന്കില്‍ ഞാന്‍ ഇതെഴുതാനായി ഉണ്ടാകുമായിരുന്നില്ല. "അത്ഭുതകരമായ ഒരു രക്ഷപെടല്‍!" ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ ഭയം, വിശ്വസിക്കാനും കഴിയുന്നില്ല. വിസ ഖലാം ഇക്ക ഇന്ന് ജീവിച്ചിരിപ്പില്ല, എങ്കിലും എനിക്കെങ്ങനെ അദ്ധേഹത്തെ മറക്കാനാകും.

1976-77 ചായക്കടയൊക്കെ നിറുത്തി വാപ്പ പേര്‍ഷ്യയിലേക്ക് പോയി. ഒപ്പം ഞങ്ങളുടെ താമസം വാപ്പയുടെ കുടുംബ വീട്ടിലേക്കും മാറ്റി. വാപ്പയുടെ കുടുംബ വീട്ടിലെ നാളുകള്‍, ജീവിതത്തിലെ ഏറ്റവും മധുരമേറിയ കാലഘട്ടമാണ്. ആ നാളുകളിലേക്ക് ഒരിക്കലും മടങ്ങാനാകില്ലന്നറിയാം എങ്കിലും അറിയാതെ ഒരാഗ്രഹം. വര്‍ഷങ്ങള്‍ കടന്നു, നടയറ സ്കൂളിലെ അഭ്യാസം കഴിഞ്ഞു നേരെ ശിവഗിരി സ്കൂളിലേക്കായി. എട്ടാം ക്ലാസുമുതല്‍ (1983 -1986) ശിവഗിരി സ്കൂളിലാണ് പിന്നത്തെ അഭ്യാസം മുഴുവനും നടന്നത്. ആദ്യമൊക്കെ അധികം സംസാരിക്കാതിരുന്ന ഞാന്‍ പതുക്കെ പതുക്കെ കുട്ടികളുമായി അടുക്കാന്‍ തുടങ്ങി. അങ്ങനെ നിസാര്‍, കബീര്‍, മുരളി, ജലാല്‍, സജീവ്‌, ഹാഷിം, ഷാഫി ഇവരൊക്കെ അടുത്ത കൂട്ടുകാരായി. എങ്കിലും നടയറ - പാലചിറ ഇങ്ങനെ രണ്ട് ബാച്ചുകളായി കളികളും, തമാശകളും ഒപ്പം വല്ലപ്പോഴുമൊക്കെയുള്ള അടിയും ഇടിയുമായി ഞങ്ങള്‍ കഴിഞ്ഞു. അങ്ങനെ ആദ്യ വര്‍ഷം പതുക്കെ പതുക്കെ കടന്നുപോയി ഒപ്പം എട്ടില്‍നിന്നും ഒന്‍പതിലേക്ക് കയറ്റവും. മാസങ്ങള്‍ കടന്നു, സ്കൂള്‍ ഇലക്ഷനും വരവായി, എസ്സ് എഫ്‌ ഐ സ്ഥാനാര്‍ഥിയായ എന്നെ എതിരില്ലാതെ തെരെഞ്ഞെടുത്തു. അങ്ങനെ ഞാന്‍ 'ക്ലാസ്സ് ലീടെര്‍' ആയി! ആ വര്‍ഷം സുധീര്‍ ആയിരുന്നു സ്കൂള്‍ ലീടെര്‍. ക്ലാസ്സ് ലീടെര്‍ ആയ എനിക്ക് എല്ലാ കുട്ടികളുമായും അടുക്കേണ്ടതും ഇടപെടെണ്ടതും ആവശ്യമായി വന്നു. അങ്ങനെ കുട്ടികളുമായി ഇടപഴകി വളരെ നല്ല കൂട്ടുകാരായി ഞങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുമായി എനിക്കല്‍പ്പം അടുപ്പം തോന്നി, തിരിച്ചും അതുപോലെ തന്നെ. നിശബ്ദമായ ആ അടുപ്പം ഞങ്ങളുടെ ഇടയില്‍ പൂമ്പാറ്റ, ബാലരമ തുടങ്ങി കുട്ടി പ്രസിദ്ധീകരണങ്ങള്‍ ഒഴുകി നടക്കാന്‍ കാരണമാക്കി. എന്നും കുറെ കുട്ടി പ്രസ്സിദ്ധീകരണങ്ങള്‍ ഞങ്ങള്‍ കൈമാറും. ‍ആ കുട്ടിക്ക് കൊടുക്കാനായി അത്തരം പ്രസിദ്ധീകരണങ്ങള്‍ ഞാന്‍ സ്ഥിരമായി വാങ്ങാനും തുടങ്ങി. അടുപ്പം കൂടുതലയപ്പോ, ക്ലാസ്സിലെ ആണ്‍കുട്ടികള്‍ക്ക് അല്പം അസൂയയും കളിയാക്കലും! കളിയാക്കാന്‍ മിടുക്കന്‍ മുരളി ആയിരുന്നു. ഇതിനിടയില്‍ ഇതുവരെ മറക്കാനാകാത്ത ഒരു സംഭവം! ഒരുദിവസം ഞാന്‍ സ്പ്രേ അടിച്ച് സ്കൂളില്‍ ചെന്നു. സ്പ്രേയുടെ മണം തത്തമ്മ ചുണ്ട് ടീച്ചര്‍ക്ക്‌ സഹിച്ചില്ല, ടീച്ചര്‍ക്ക്‌ തലവേദനയായി, ക്ലാസ്സെടുക്കാന്‍ പറ്റാതായി. എന്നോട് പറഞ്ഞു മേലില്‍ ഇനി സ്പ്രേ അടിച്ച് സ്കൂളില്‍ വരാന്‍ പാടില്ലാന്ന്. എന്നോടുള്ള ദേഷ്യം കാരണം ഒരുചോദ്യം! ഉത്തരം പറയാനാകാതെ എനിക്ക് അടിയും. സംഭവം ഇന്നും മായാതെ നില്ക്കുന്നു മനസ്സില്‍. അന്നൊക്കെ സ്പ്രേയെ കളിയാക്കി പറയുന്നത് " അറബി മൂത്രമെന്നാണ് ". ഇന്നാണെങ്കില്‍ സ്പ്രേ ഉപയോഗിക്കാത്തവര്‍ നാട്ടില്‍ വിരളം. എന്തൊരു നാറ്റം, അല്ല മാറ്റം അല്ലെ!. മാറ്റത്തിനു വിധേയമാകത്തവര്‍ ആരുണ്ട്! ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ അനിവാര്യമാണ്. മാറ്റം മാനുഷികമാകാം അല്ലങ്കില്‍ പ്രകൃതിയില്‍നിന്നുമാകാം. കാലത്തെ മുന്നോട്ടു നയിക്കുന്നത് മാറ്റങ്ങള്‍ തന്നെയാണ്. ഒരു തിരിച്ചുപോക്ക് അസാധ്യം! പക്ഷെ മാറാത്ത കുറെ മനുഷ്യര്‍ മാറ്റത്തിനു വിധേയരായിക്കൊണ്ട് തന്നെ മാറ്റങ്ങളെ എല്ലാ കാലത്തും എതിര്‍ത്തിരുന്നു! ഓ ഫിലോസഫി! അത് വിടാം.

വാപ്പയുടെ കുടുംബ വീട്ടിലേക്ക് താമസം മാറ്റിയതിനു ശേഷമാണ് കരിയറ ഭാഗത്തേക്ക്‌ അടുക്കുന്നതും, ഒഴിവു വേളകളില്‍ അവിടെ കളിക്കാന്‍‍ പോകുന്നതും. കരിയറ എന്നുപറയുമ്പോള്‍ വളരെ വൈകാരികമായ ചില ഓര്‍മകളാണ് ഇന്നും മനസ്സിലുള്ളത്. ആദ്യം മനസ്സില്‍ വരുന്നത് ഉണ്ണി, ഭാസിഅണ്ണന്‍, ഷൈല, അമ്മുമ്മ പിന്നെ അവരുടെ വീടും, കാവും കുളവുമൊക്കെയാണ്. അങ്ങനെയാണ് ഭാസി അണ്ണന്റെ മകന്‍ ഉണ്ണി, എന്‍റെ കുട്ടിക്കാലത്തെ കൂട്ടുകാരില്‍ ഒരാള്‍ ആകുന്നത്. എന്നാല്‍ ഞങ്ങളുടെ കളികള്‍ അധികനാള്‍ നീണ്ടില്ല കാരണം മരണം അത് തരുന്ന വേര്‍പാടും ആഘാതവും മനസ്സിലാക്കാനോ ചിന്തിക്കാനോ കഴിയാത്ത ഞങ്ങളുടെ പ്രായത്തില്‍ അവന്‍ ലോകത്തോട്‌ വിട പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉണ്ണിയുടെ ചെറിയ രൂപം ഇന്നും മനസ്സില്‍ നില്ക്കുന്നു. അവന്‍റെ വെളുത്ത മുഖവും, തിളങ്ങുന്ന കണ്ണുകളും ഇന്നും ഓര്‍മയില്‍..
ഓര്‍മയുള്ള നാള്‍ മുതല്‍ ഭാസി അണ്ണന്റെ വീടും എന്‍റെ വീടും വളരെ അടുപ്പത്തിലാണ്. ഓണത്തിനും പെരുന്നാളിനും ഭക്ഷണം അങ്ങോട്ടും ഇങ്ങോട്ടും എത്തും. ഓണമായാല്‍ ഉണ്ണിയുടെ വീട്ടില്‍ അത്തപ്പൂക്കളം ഒരുക്കും അതുപോലെ എന്‍റെ വീട്ടിലും. അങ്ങനെ ഓണവും കൊയ്ത്തുകാലവും ഭാസി അണ്ണന്റെ വീട്ടില്‍ ഉത്സവം പോലെയാണ്. കൊയ്ത്തും, പാടത്തെ പണിക്കാരും, പണിക്കാര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കലും അങ്ങനെ തിരക്കുള്ള ദിവസങ്ങള്‍. കൊയ്ത്തു കാലത്തു പണിക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്നത് തോടിനോട് അടുത്ത വഴി വരമ്പിലാണ്. വരമ്പിന് താഴെ ഭാസി അണ്ണന്റെ പാടവും. വരമ്പില്‍ തന്നെ ഇലയിട്ടു എല്ലാരേയും ഇരുത്തും, ചോറും, സാമ്പാറും, പരിപ്പും, പപ്പടവും, മറ്റു കൂട്ട് കറികളും... ഊണ് കേമം.

കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഞാനും എന്‍റെ ചുറ്റുപാടുകളും മാറികൊണ്ടേയിരുന്നു. പക്ഷെ ആ മാറ്റങ്ങള്‍ക്കൊന്നും ഞങ്ങളുടെ വീടുകള്‍ തമ്മിലുള്ള അടുപ്പത്തിന് ഒരു മാറ്റവും വരുത്താനായില്ല. അങ്ങനെ ഒരു നാള്‍ ഭാസി അണ്ണന്റെ മകളുടെ കല്യാണം, കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കല്യാണ ദിവസം ഭാസി അണ്ണന്‍ എന്നെയാണ് പെണ്ണിന്‍റെ ആങ്ങളയുടെ സ്ഥാനത്ത് നിര്‍ത്തിയത്. വരനെ ക്ഷണിക്കാന്‍ പോകാനും, കൊണ്ടുവരാനും, പിന്നെ കതിര്‍മണ്ട്പത്തിനു അടുത്തും ഞാനുണ്ടായിരുന്നു. ഒത്തിരിയേറെ ബന്ധുക്കള്‍ അദ്ധേഹത്തിനു ഉണ്ടായിരുന്നിട്ടും എന്നെയാണ് അദ്ദേഹം ആങ്ങളയുടെ സ്ഥാനത്ത്‌ നിര്‍ത്തിയത്. ഒരു പക്ഷെ അദ്ദേഹത്തിന് നഷ്ട്ടപെട്ട ഉണ്ണിയെ എന്നില്‍ കണ്ടത് കൊണ്ടാകാം അതിനൊക്കെ അര്‍ഹരായ അദ്ധേഹത്തിന്റെ ബന്ധുക്കളെ പോലും മറന്നു പോയത്. സഹോദരിമാരില്ലാത്ത എനിക്ക് അതൊരു പ്രത്യേക അനുഭവമായിരുന്നു. ഇതു വായിക്കുന്നവര്‍ക്ക് തോന്നാം ഇന്നത്തെ കാലത്തെ മത മൈത്രി എന്നോ മറ്റോ. എന്നാല്‍ അതിനെക്കാളൊക്കെ വൈകാരികമായ, ഹൃദയ സ്പര്‍ശിയായ ഒരു അനുഭവമായിരുന്നു എനിക്കത്. ഓര്‍മകളുടെ ചെപ്പില്‍ ഒരു മധുര അനുഭവമായി ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

റമളാന്‍ വരവായാല്‍ പിന്നെ ആകെ ഒരു ത്രില്ലും രസവുമാണ്‌. വീടും പരിസരവുമൊക്കെ ഒരുക്കലും വൃത്തിയാക്കലുമാണ് പണി. വീട് കഴുകി വൃത്തിയാക്കല്‍‍, പരിസരത്തുള്ള കാടും പുല്ലും വെട്ടി തീയിടല്‍ അങ്ങനെപോകുന്നു നോമ്പ് തുടങ്ങുന്നതിന് മുമ്പുള്ള ഓരോ വിശേഷങ്ങള്‍. എന്‍റെ മുന്‍വശത്തെ രണ്ടു പല്ലുകളും ഒരു റമളാന്‍ കാലവുമായി ബന്ധമുണ്ട്. ഒരിക്കല്‍ കുട്ടികളെല്ലാം കൂടി ഹാജി ഉപ്പുപ്പായുടെ വീട്ടിലായിരുന്നപ്പോഴുള്ള ഒരു സംഭവം പറയാം. റമളാന്‍ പ്രമാണിച്ചു വീട് കഴുകി വൃത്തിയാക്കാനായി വമുന്‍വശത്തെ ഹാള്‍ മുഴുവനും വെള്ളം നിറച്ചു സോപ് പൊടിയും ഇട്ടു. കുട്ടികള്‍ക്കെല്ലാം ഭയങ്കര സന്തോഷമായി, ഞങ്ങള്‍ വെള്ളത്തില്‍ കിടന്നു കളിക്കുകയാണ്. അപ്പോഴേക്കും വലിയവരോടൊപ്പം ഞങ്ങളും ചേര്‍ന്നു അവരെ സഹായിക്കാനായി. ഹാളില്‍ ഒരുപാട് വെള്ളം ഉണ്ടായിരുന്നു മാത്രമല്ല സോപ് പൊടി ഇട്ടിരുന്നതിനാല്‍ വഴുക്കലും. അത് ശ്രദ്ധിക്കാതെ ഞാന്‍ പറഞ്ഞു വിമാനം എങ്ങനെയാണ് ടേക്ക് ഓഫ്‌ ചെയ്യുന്നതെന്ന് കാണിക്കാന്‍ പോവുകയാണെന്ന്. പറഞ്ഞു കഴിഞ്ഞു ഞാന്‍ രണ്ട് കൈയും, കാല്‍മുട്ടുകളും തറയില്‍ കുത്തി തല അല്‍പ്പം മുന്നോട്ടാക്കി റെഡി ആയി നില്‍ക്കുകയാണ്‌. ചെറുതായൊന്ന് സൌണ്ട് ഉണ്ടാക്കി മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയതും വലതു കൈ തെറ്റി ഒപ്പം കാലും. മുഖം നേരെ തറയിലേക്ക്‌....! ചുണ്ടുകള്‍ മുറിയാതിരിക്കാനയി ഞാന്‍ വാ തുറന്നു. അങ്ങനെ തറയില്‍ ഇടിച്ചത് മുന്‍വശത്തെ രണ്ട് പല്ലുകള്‍. ഇടിച്ച പല്ലുകളുടെ ഭാഗം പൊട്ടി ഇംഗ്ലീഷ് അക്ഷരം 'വി' തല തിരിച്ച് എഴുതിയ പോലെയായി. ഭാഗ്യത്തിന് മറ്റൊന്നും സംഭവിച്ചില്ല.

പെരുന്നാളിന്‍റെ തലേ ദിവസം ഹസന്‍ ഇക്ക ഉ‌ഞ്ഞാല്‍ ഇടും. ഊഞ്ഞാലെന്നു പറഞ്ഞാല്‍ ഒരു സംഭവമാണ്. സത്യത്തില്‍ അത്രയും വലിയ ഊഞ്ഞാല്‍ ഞാന്‍‍ വേറെ എവിടെയും കണ്ടിട്ടില്ല. ഊഞ്ഞാല്‍ കെട്ടുന്നത് വടം പോലത്തെ കയറു വാങ്ങി രണ്ടു തെങ്ങുകളിലായി കെട്ടി മധ്യഭാഗത്ത്‌ ഊഞ്ഞാല്‍ കെട്ടും. തെങ്ങുകള്‍ തമ്മില്‍ നല്ല അകലം ഉള്ളതിനാലും ഊഞ്ഞാല്‍ കെട്ടുന്നത് നല്ല ഉയരത്തില്‍ ആയതിനാലും ആടുമ്പോള്‍ നല്ല രസമാണ്. മുന്നിലേക്കും പിന്നിലേക്കും ഒരുപാടു അകലെ പോകും. പെരുന്നാള്‍ ദിവസം രാവിലെ ഞങ്ങള്‍ കുട്ടികള്‍ പുത്തനുടുപ്പെല്ലാം ധരിച്ചു ഭക്ഷണമൊക്കെ കഴിഞ്ഞു നേരെ ഊഞ്ഞാലിന്റെ അടുത്തെത്തും. പിന്നെ ബഹളവും, അടിയും, ഊഞാലിന്നു വീഴ്ചയും, കരച്ചിലും... അങ്ങനെ കുറെ നേരം. അപ്പോഴേക്കും ഹസന്‍ ഇക്ക എത്തും. അദ്ദേഹം എത്തിയാല്‍ എല്ലാം ശാന്തം, ഓരോരുത്തരായി ക്യു നിന്ന് ഊഞ്ഞാലില്‍ ആടി തിരികെ മടങ്ങും. എങ്കിലും ഊഞ്ഞാലിന് റസ്റ്റ്‌ ഉണ്ടാകില്ല, രാത്രി ഒഴികെ ആരെങ്കിലും കാണും അതിന്‍റെ മുകളില്‍. ഞങ്ങളെയൊക്കെ പ്രതീക്ഷിച്ച് മഴയത്തും വെയിലത്തുമായി ആ ഊഞ്ഞാല്‍ അവിടെതന്നെ ഉണ്ടാകും. അങ്ങനെ ഊഞ്ഞാല്‍ അഴിക്കുന്നത് വലിയപെരുന്നാളും ഓണവും കഴിഞ്ഞാണ് ചിലപ്പോഴെക്കെ അല്പം നാള്‍കൂടി കഴിയും. അങ്ങനെ ഹസന്‍ ഇക്കയും ഊഞ്ഞാലും, കുട്ടിക്കാലത്തെ മറ്റൊരു മറക്കാനാകാത്ത അനുഭവം.

താജു ഇക്കായുടെ വീടിനു മുന്നിലൂടെയാണ്‌ നടയറ സ്കൂളിലും മദ്രസയിലും പോകുന്നത് (നടയറ - ശിവഗിരി റോഡ്‌). അവരുടെ വീടിനു മുന്നിലായി ഒരു കിളിച്ചുണ്ടന്‍ മാവുണ്ട്. മാമ്പഴക്കാലമായാല്‍ അതില്‍ നിറയെ മാങ്ങയാണ്‌, പഴുത്താല്‍ നല്ല മധുരവും പച്ച ആണെങ്കിലോ പുളിപ്പ് കാരണം വായില്‍ തൊടാനും പറ്റില്ല. സ്കൂളില്‍ നിന്നുമോ അല്ലങ്കില്‍ മദ്രസ്സയില്‍ നിന്നുമോ വരുന്ന സമയം കല്ലെടുത്ത്‌ മാങ്ങ എറിഞ്ഞിടുക സ്ഥിരമാണ്. പക്ഷെ താജു ഇക്കായുടെ ഉമ്മ കാണാന്‍ പാടില്ല, കണ്ടാല്‍ നല്ലതെറി കേള്‍കാം. അതുവഴി പോകുന്ന വികൃതി കുട്ടികളിലാരും മാങ്ങ എറിഞ്ഞിടാതെ പോകാറില്ല ഒപ്പം ഉമ്മുമ്മയുടെ തെറി വിളി കേള്‍ക്കാതെയും.

ഒരുദിവസം രാവിലെ ഞാന്‍ മദ്രസയില്‍ പോവുകയായിരുന്നു. താജു ഇക്കായുടെ വീടിനു (റോഡ്‌ അരികെ) അടുത്തെത്തിയപ്പോള്‍ മാവിലും പരിസരത്തുമൊക്കെ ഒന്ന് പരതി നോക്കി. രാവിലെ ആയതിനാല്‍ പഴുത്ത മാങ്ങ വീണു കിടക്കും. അതാ ഒരു മാങ്ങ കിടക്കുന്നു. റോഡിലേക്ക്‌ നോക്കിയപ്പോ ആരൊക്കെയോ വരുന്നുണ്ട്, പെട്ടന്ന് മാങ്ങാ എടുത്തു നടന്നു. പക്ഷെ മാങ്ങ മദ്രസയില്‍ കൊണ്ട് പോകാന്‍ പറ്റില്ല പിന്നെ അവിടെ നിന്ന് കഴിക്കാനും. എന്താണൊരു വഴി, തലയില്‍ 'ലൈറ്റ് കത്തി' അടുത്ത് തന്നെ ഒരു കലുങ്ക് ഉണ്ട് അതിനടിയില്‍ അല്പം കുറ്റികാടും. മാങ്ങ അവിടെ ഒളിപ്പിച്ചു മദ്രസയിലേക്ക് പോയി. ക്ലാസില്‍ ഇരുന്നെങ്കിലും മനസ്സില്‍ മാങ്ങയായിരുന്നു ഒപ്പം ക്ലാസ്‌ തീര്‍ന്നാല്‍ മതിയെന്ന തോന്നലും. കാത്തിരിപ്പിനു വിരാമമായി ബെല്ല് കേട്ടു. ആരെയും കാത്തു നിന്നില്ല, മാങ്ങ അവിടെ തന്നെ കാണണേ എന്ന പ്രാര്‍ത്ഥനയോടെ നേരെ ഓടി കലുങ്കിന്റെ അടുത്തെത്തി മാങ്ങയുമായ് വീട്ടിലേക്കു ഒരു ഓട്ടം. നേരെ പോയി ഒരു കത്തിയെടുത്തു മാങ്ങ പൂളി തിന്നു, എന്തൊരു മധുരമായിരുന്നു. അതിന്നും നാവില്‍നിന്ന് പോയിട്ടില്ല.

ആദ്യകാല സ്നേഹിതര്‍ മാഹീന്‍, സിയാദ്‌, സാബു. ഞങ്ങള്‍ ഒത്തുകൂടിയാല്‍ പിന്നെ ഞങ്ങളെക്കാള്‍ വലിയ കാര്യങ്ങളെ സംസാരിക്കു. സിനിമ, രാഷ്ട്രീയം, ടെക്നോളജി, കമ്പ്യൂട്ടര്‍ പിന്നെ ലോകസംഭവങ്ങള്‍ അങ്ങനെ പോകുന്നു ഞങ്ങളുടെ ചെറിയ ലോകത്തെ വലിയ കാര്യങ്ങള്‍. പലതും പ്ലാന്‍ ചെയ്യും, ആദ്യമൊക്കെ ഒന്നു രണ്ടു പ്രാവശ്യം നോക്കും പിന്നെ താല്‍പര്യമില്ലാതെ അതങ്ങ് മുടങ്ങും. വെളുപ്പാന്‍കാലത്ത് ഓടാന്‍ പോകല്‍, ചിലപ്പോ വോളിബാള്‍, രാവിലെ വ്യായാമം അങ്ങനെ പോകുന്നു നടക്കാതെപോയ പ്ലാനുകള്‍. രാവിലെ ഓടാന്‍ പോകാനായി അതിരാവിലെ എഴുനേല്‍ക്കണം. ആദ്യം സിയാദ് എഴുന്നേറ്റു സാബുവിനെ വിളിക്കാന്‍ പോകും, സാബുവുമായി മാഹീന്റെ വീട്ടിലേക്ക് പിന്നെ എന്നുയും. മുട്ടപ്പലമാണ് ഞങ്ങളുടെ റൂട്ട്. ഒരുദിവസം മുട്ടപ്പലത്ത് എത്തിയപ്പോഴേക്കും കുറെ പട്ടികള്‍ ഞങ്ങളുടെ പിറകെ കൂടി, പിന്നെ ഒരുതരം ഓട്ടമായിരുന്നു! ആഓട്ടത്തില്‍ ഞങ്ങള്‍ എവിടെയോ എത്തി. എല്ലാരും അന്ന് ശരിക്കും ഓടി അങ്ങനെ രാവിലെയുള്ള ഓട്ടം പട്ടി ഒട്ടത്തോടെ നിന്നു. മറ്റൊരിക്കല്‍ വെയിറ്റ്‌ ലിഫ്റ്റ്‌ ചെയ്യാനായി രണ്ടു നിഡോ ടിന്നില്‍ ചെളി നിറച്ചു, ടിന്നുകളെ ബന്ധിപ്പിക്കാന്‍ ഒരു പുളിക്കമ്പ് വെട്ടി ഫിറ്റ്‌ ചെയ്തു. രണ്ടുമൂന്നു ദിവസം കാത്തിരുന്നശേഷം ഞങ്ങള്‍ അതെടുത്ത് പോക്കന്‍ നോക്കി. ഒരുസൈട് ഭാരക്കുറവും മറ്റെസൈട് ഭാരക്കൂടുതലും. എനിക്ക് പോക്കാനെ പറ്റുന്നില്ലായിരുന്നു. പക്ഷെ പനമ്പള്ളി നിസാം വളരെ ഈസിയായി മുകളിലേക്ക് ഉ‌യര്‍ത്തി. എന്നാല്‍ അടുത്തദിവസം വെയിറ്റ്‌ ലിഫ്റ്റ്‌ കാണാനില്ല! നോക്കിയപ്പോ ആരോ പൊട്ടിച്ചു രണ്ടു ഭാഗത്തായി ഇട്ടിരിക്കുന്നു. ചെയ്തത് ഇര്‍ഷാദ്‌ ഇക്കയായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് കുറെ വഴക്കും.

മറ്റൊരു കാര്യം, ഇതേ കാലഘട്ടത്തില്‍ പുതിയ പുതിയ കൂട്ടുകാരെ തൂലികയിലൂടെ കണ്ടെത്തുന്നതും അവരുമായി സൗഹൃദം പന്കിടുന്നതും വളരെ ഇഷ്ടമായിരുന്നു. അന്നൊക്കെ ദിവസവും പോസ്റ്റുമാന്‍ വീട്ടില്‍ വരുമായിരുന്നു. കാരണം, എന്തെങ്കിലും ഒരു പോസ്റ്റ് ഇല്ലാത്ത ദിവസം ഉണ്ടായിരുന്നില്ല (ഞായര്‍ അവധി). ഞാനും നൌഷാദും പെന്‍ ഫ്രെണ്ട്സിനു വേണ്ടി ഒത്തിരി നടന്നിട്ടുണ്ട്. ഒരു ദിവസം നൌഷാദ്‌ എനിക്കൊരു ഒരു മാഗസിന്‍ തന്നു അതില്‍ കുറെയധികം അഡ്രസ്‌ ഉണ്ടായിരുന്നു. അതില്‍നിന്നു രണ്ടുമൂന്നു അഡ്രെസ്സ് ഞാന്‍ സാബുവിന് കൊടുത്തു. സാബു അതില്‍ നിന്നു ഒരു അഡ്രസ്സില്‍ കത്തയച്ചു. കുറെദിവസം കഴിഞ്ഞപ്പോ സാബുവിന് എറണാകുളത്തുള്ള ഒരു വക്കീലിന്റെ കത്ത് വന്നു. കത്ത് വായിച്ചപ്പോ ഞങ്ങള്‍ക്കാകെ ഭയമായി, കാരണം കത്തിന്‍റെ ഉള്ളടക്കം ഭീഷണി ആയിരുന്നു. ഒരുപക്ഷെ സാബു ഇന്നും കരുതുന്നത് ഞാന്‍ അവന് മനപ്പൂര്‍വം വക്കീലിന്റെ അഡ്രെസ്സ് കൊടുത്തെന്നാണ്. പ്രിയ കൂട്ടുകാരാ എനിക്കിന്നും അറിയില്ല നിന്‍റെ അഡ്രസ്സും, കുടുംബത്തിന്‍റെ മൊത്തം വിവരങ്ങളും എങ്ങനെയാണു എറണാകുളത്തുള്ള വക്കീലിന് കിട്ടിയതെന്ന്. എന്തായാലും ആ കത്തിന് ശേഷം ഒന്നും സംഭവിച്ചില്ല ഒപ്പം വക്കീലിന്റെ ഭാഗത്ത് നിന്നും. അതോടെ സാബു കുറെ നാളത്തേക്ക് കത്തെഴുത്ത് നിറുത്തി.

സിനിമ ഞങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടം. എങ്കിലും സിനിമയും, അന്നത്തെ സൂപ്പര്‍ നടന്മാരും നടിമാരും ഞങ്ങളുടെ ചര്‍ച്ചാ വിഷയങ്ങളാണ്. ശങ്കറും മേനകയും ആണ് അന്നത്തെ താര ജോടികള്‍. അവര്‍ ജീവിതത്തില്‍ വിവാഹം കഴിക്കുമെന്ന് വരെ ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമ വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ കാണാന്‍ പോകാന്‍ വീട്ടില്‍ നിന്നു അനുവാദമില്ല, പക്ഷെ ഞങ്ങള്‍ ഒളിച്ചു പോകും. മാറ്റിനി ഷോ തുടങ്ങുന്നത് മൂന്നു മണിക്ക് പക്ഷെ ഞങ്ങള്‍ ഒരു പതിനൊന്നു പതിനൊന്നര മണി ആകുമ്പോള്‍ വീട്ടില്‍ നിന്നു എന്തെങ്കിലും കാരണം പറഞ്ഞു മുങ്ങും. ആ സമയത്തു ആയതിനാല്‍ സിനിമക്കാണ് പോകുന്നതെന്ന് ആര്‍ക്കും തോന്നില്ല. വര്‍ക്കലയില്‍ പോകണം സിനിമ കാണാനായി പക്ഷെ ഞങ്ങള്‍ നേരെയുള്ള വഴിയേ പോകില്ല. ചിലപ്പോ, ശിവഗിരി വഴി തുരപ്പിന്റെ അതിലെ പോകും, അതല്ലങ്കില്‍ കുന്നില്‍കൂടി രായരോവിന്റെ അതിലെ കണ്ണമ്പ വഴി പോകും. ഇത്രയും കറങ്ങി പോകുന്നത്, വഴിയിലൊന്നും ഞങ്ങളെ അറിയുന്നവര്‍ ഇല്ല. അഥവാ ആരെങ്കിലും കണ്ടാല്‍, സമയം സിനിമയുടെത് അല്ലാത്തതിനാല്‍‍‍, സിനിമക്കാണ് പോകുന്നതെന്ന് ആര്‍ക്കും തോന്നുകയുമില്ല. അങ്ങനെ ആരും ഞങ്ങളെ തിരിച്ചറിയില്ലന്നുള്ള വിശ്വാസത്തില്‍ സിനിമ കണ്ട് മടങ്ങും. തിരികെ വരുന്നതും പോയ വഴികളിലൂടെ തന്നെ. പക്ഷെ രാത്രി ആയാല്‍ അടിയുടെ പൂരമാണ്‌. കാരണം ആരെങ്കിലും ഞങ്ങളെ കണ്ടിട്ടുണ്ടാകും അത് വീട്ടില്‍ അറിഞ്ഞിരിക്കുകയും ചെയ്യും. സിനിമ കാണാന്‍ സ്വാതന്ത്ര്യം കിട്ടിയത് പ്രീ ഡിഗ്രിയോടെ ആണ്.

കാലം അതിന്‍റെ വഴിയില്‍ നീങ്ങിക്കൊന്ടെയിരുന്നു. തയ്യല്‍കടയും (സിയാന) തയ്യലും, കൂടാരവും, യാഹൂ സ്റ്റിചിംഗ് സെന്‍റെര്‍ അങ്ങനെ കുറെ കാലം. പിന്നെ നാടകം ഒരുതരം ഹരമായി, ദിവസവും പത്രം നോക്കി ഓരോ ക്ഷേത്രത്തിലെയും ഉത്സവപരിപാടി നോക്കും എന്നിട്ട് ആ ദിവസത്തെ നാടകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കും, കണ്ടനടകങ്ങള്‍ ലിസ്റ്റില്‍നിന്നു വെട്ടി കാണാനുള്ള നാടകങ്ങളുടെ പേരും ക്ഷേത്രവും എഴുതി വെക്കും. കഴിയുന്ന അത്രയും നാടകങ്ങള്‍ ഒരുരാത്രിയില്‍ കാണും. ചിലപ്പോഴൊക്കെ നാലും അഞ്ചും നാടകങ്ങള്‍ കണ്ടിരുന്ന ദിവസങ്ങള്‍..... അന്നത്തെ ബാച്ച്, ഞാന്‍, നസീര്‍, ഷിഹാബ്‌, മാഹീന്‍, ഇല്യാസ്‌, അംലാത്‌ പിന്നെ സമയത്തു കൂടുന്നവരും. പക്ഷെ കൂടുതല്‍ നാള്‍ തുടരാന്‍ കഴിഞ്ഞില്ല, കാരണം ഓരോരുത്തരായി ഗള്‍ഫിലേക്ക് കുടിയേറാന്‍ തുടങ്ങി. അങ്ങനെ എന്‍റെ റൂട്ട് തിരുവനന്തപുരം - വര്‍ക്കല - കൊല്ലം മേഖലകളിലേക്ക് മാറി. തുടര്‍ന്ന് പഠനവും പുതിയ പുതിയ കൂട്ടുകാരുമൊക്കെയായി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്.

സാഗര്‍ കോളേജ്, കൃഷ്ണ സര്‍ പിന്നെ പുതിയ കൂട്ടുകാരും. മനോഹരമായ മറ്റൊരു ഘട്ടം. ഇവിടെ വച്ചാണ് മാഹിന്‍ എന്നെ സുനിലിനെയും, അജിത്തിനെയും സായിപ്പിനേയും പരിചയപ്പെടുത്തുന്നത്. സായിപ്പെന്നു പറഞ്ഞാല്‍ ഒരു സംഭവമാണ്, ആള് അല്പം പ്രശ്നക്കാരനും, അതിനെ കുറിച്ചു വിശദമായി ഇവിടെ പറയാന്‍ കഴിയില്ല! എന്തായാലും സായിപ്പുമായുമുള്ള സഹവാസം ഇങ്ങ്ലിഷ്‌ സംഗീതം കേള്‍ക്കുവാനും അറിയാനുമുള്ള അവസരമായി. അങ്ങനെ, മ്യൂസിക്‌, ആല്‍ബം, വീഡിയോ, ഓഡിയോ കസ്സെറ്റ്‌, സണ്‍ മാഗസിന്‍ പോസ്റ്റര്‍ കളക്ഷന്‍ അതൊക്കെയായി താല്പര്യമുള്ള വിഷയങ്ങള്‍. പഠനത്തിനിടെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് പാപനാശത്ത് പോകുന്നത് സ്ഥിരം പരിപാടി ആയിരുന്നു. പോകുന്ന സമയം അവിടെക്കാണുന്ന സായിപ്പന്മാരുമായ് സംസാരിക്കാന്‍ നോക്കും. വിഷയം ഇംഗ്ലീഷ് സംഗീതം. എനിക്കറിയാവുന്ന, അതായതു നേരത്തെ ഞാന്‍ പറഞ്ഞ സായിപ്പില്‍ നിന്നും മനസ്സിലാക്കിയ ആല്‍ബത്തിന്‍റെ പേരുകള്‍, പാട്ടുകാര്‍, റോക്ക്‌, മെറ്റല്‍ ട്രൂപ്പുകള്‍ തുടങ്ങിയവരെ കുറിച്ചെല്ലാം അവരോട് പറയും. അത് കേള്‍ക്കുമ്പോ അവര്‍ക്കും താല്പര്യം കൂടും. അങ്ങനെ ഒരുദിവസം മൂന്ന് ജര്‍മന്‍ സായിപ്പന്മാരെ കമ്പനി അടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു! അവര്‍ക്ക് ഒരുപാടു കരിക്ക് വെട്ടികൊടുത്തു. അന്നെന്റെ വീടിനു മുന്നില്‍ ഒരു ഹട്ട് ഉണ്ടായിരുന്നു. അവിടെയാണ് അന്ന് സായിപ്പന്മാര്‍ക്ക് പാര്‍ടി ഒരുക്കിയത്. അന്ന് മാഹീനും കൂടെ ഉണ്ടായിരുന്നു. അതിനുശേഷം ആ ജര്‍മന്‍ സായിപ്പന്മാര് ഞങ്ങള്‍ക്കും ഒരു പാര്‍ട്ടി തന്നു. മറക്കാനാകാതെ ആ ഡിസംബര്‍ ഇന്നും മനസ്സില്‍ ജീവിക്കുന്നു. അതൊന്നും ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ്.

മാസങ്ങള്‍ കടന്നു, പഠനം വര്‍ക്കലയിലും തിരുവനന്തപുരത്തും കൊല്ലത്തുമായി. മലബാര്‍ എക്സ്പ്രെസ്സ്, ജയന്തി ജനത, മദ്രാസ്‌ മെയില്‍, ഐലന്റ് എക്സ്പ്രെസ്സ്, ഡേ എക്സ്പ്രെസ്സ്, ഷട്ടില്‍ അങ്ങനെ ദിവസത്തിന്റെ കൂടുതല്‍ സമയവും ട്രെയിനില്‍. ക്ലാസ് കഴിഞ്ഞാല്‍ പഠിത്തം മ്യു‌സിയം പാര്‍ക്കിലാണ്. അവിടെ ഞാന്‍ ഒറ്റക്കായിയിരിക്കും, കൂട്ടുകാര്‍ ആരും കാണില്ല. അതല്ലങ്കില്‍ കൊട്ടക്കകത്തെ ഒരു കൂട്ടുകാരെന്റെ വീട്ടിലേക്ക് പോകും. ചിലപ്പോഴൊക്കെ അവിടെ ഇരുന്നും പഠിക്കും. അങ്ങനെ പഠിക്കുന്ന കാര്യത്തില്‍ കോമ്പ്രമൈസ് ഇല്ല. അത് കഴിഞ്ഞാല്‍ നേരെ റെയില്‍വേ സ്റ്റേഷന്‍. പിന്നെ വര്‍ക്കല നിര്‍ത്തുന്ന ഏതെങ്കിലും ട്രെയിനും. വൈകുന്നേരം 05:40 നുള്ള മലബാര്‍, അല്ലങ്കില്‍ 10:10 നുള്ള കണ്ണൂര്‍ എക്സ്പ്രെസ്സ്. എസ് ഫോര്‍, മറക്കാനാകാത്ത കമ്പാര്‍ട്മെന്‍റ്, കവിതയും, കളിയാക്കലും, തമാശകളും നിറഞ്ഞ കാലഘട്ടം. അവധി ദിവസങ്ങളില്‍ വീട്ടില്‍ ഒത്തു കൂടും, സംഗീതവും, കുറെ ബൂക്സുമായ് ആരെങ്കിലും ഉണ്ടാകും. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം, അമ്മ (മാക്സിം ഗോര്‍ക്കിയുടെത്), മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍, ബ്രോം സ്റ്റൊക്കെറിന്റെബ്രോം ഡ്രാക്കുള, ഉറൂബിന്റെ കഥകള്‍ അങ്ങനെ പോകുന്നു ബൂക്സുകള്‍.

സിയാദ്, മാഹീന്‍ പിന്നെ മറ്റുചിലരും ഗള്‍ഫിലേക്ക് പോയി. പുതിയൊരു ബാച്ച് രൂപപ്പെട്ടു, ഷിഹാബ്, സ്വലേ സക്കീര്‍, ഹാഷിം, അച്ഛന്‍ അന്‍സര്‍, നാസര്‍, സവാദ്‌, ഇമാംഷ, MLA അന്‍സര്‍, തോലുകട അന്‍സര്‍. അച്ചന്‍ അന്‍സര്‍, അവന്‍റെ വീടാണ് ഞങ്ങളുടെ കേന്ദ്രം. അവിടെ തന്നെ ഒത്തു കൂടലും. എന്നും വൈകുന്നേരം കാപ്പികുടിയുണ്ട്. അത് ആരെങ്കിലും സ്പോണ്‍സര്‍ ചെയ്യണം. സ്ഥിരം ഹാഷിമും, അച്ഛനുമാണ് പൈസ കൊടുക്കുന്നത്. പൈസ കൊടുത്തു മടുത്ത അച്ഛനും ഹാഷിമും അവസാനം രഹസ്യമായി കാപ്പികുടിക്കാന്‍ തുടങ്ങി. അത് ഞങ്ങള്‍ ഒളിച്ചു നോക്കി കൂടെ കയറും. അങ്ങനെ ദോശയും ബീഫ് കറിയുമായി കുറെ വൈകുന്നേരങ്ങള്‍.

കാപ്പികുടി കഴിഞ്ഞാല്‍ വീണ്ടും ഒത്തുകൂടല്‍, കളിയാക്കലും തമാശകളും നിറയുന്ന സന്ധ്യകള്‍. ഈ സമയം കബീര്‍ മുസ്ലിയാര്‍ ഞങ്ങളുടെ കൂടെ കൂടും. ഉപദേശങ്ങളും, ഇസ്ലാമിക ചിന്തകളും, ചരിത്രവുമായി കുറെ നേരം. എല്ലാരും സഹിച്ചു നില്ക്കും. ചിലപ്പോ ഇടയില്‍ കയറി ഞാന്‍ എന്തെങ്കിലും ഉടക്ക് ചോദ്യം ചോദിക്കും, അതിന് പലപ്പോഴും വെക്തമായ ഉത്തരം കിട്ടാറില്ല. പകരം എന്നെ ഇബിലീസെന്നു വിളിക്കും. ചിലദിവസങ്ങളില്‍ ഞാന്‍ എത്താന്‍ അല്പം വൈകും, അപ്പോഴേക്കും കബീര്‍ മുസ്ലയാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടാകും, ഞാന്‍ വരുന്നതു കണ്ടാല്‍ അവരെ മാറ്റി നിര്‍ത്തും, എന്നിട്ട് പറയും ഇബിലീസ്‌ വരുന്നു നമുക്കു മാറി നില്‍കാം.


തൂമ്പ്, നടയറയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു അത്ഭുത ജല ശ്രോതസ്സാണ്. എന്നോ ഭൂമിയുടെ അടിയില്‍ നിന്നും ഉത്ഭവിച്ച ജലപ്രവാഹം ഇന്നും തുടരുന്നു. ഈ ഉറവയുടെ പഴക്കം എനിക്കറിയില്ലെങ്കിലും, ഓര്‍മയിലോ, അറിവിലോ ഒരിക്കലും വറ്റിയതായി കേട്ടിട്ടില്ല. ദൈവത്തിന്‍റെ ഒരു അനുഗ്രഹമായി ആ ഉറവ ഇന്നും ഒഴുകുന്നു. വരള്‍ച്ച ആയാല്‍ നടയറയുടെ പലഭാഗങ്ങളിലും വെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടും. വീടുകളിലെ കിണറുകളില്‍ വെള്ളം കുറയുകയോ, വറ്റി വരളുകയോ ആണ് പതിവ്. പഞ്ചായത്ത് വക പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും, വെള്ളത്തിന്‌ പകരം കാറ്റാണ് ടാപ്‌ തുറന്നാല്‍! കുടിക്കാനുള്ള വെള്ളം കിണറുകളില്‍ നിന്നെങ്ങനെയെന്കിലും ഒപ്പിക്കാം, എന്നാല്‍ വൃത്തിയായി ഒന്ന് കുളിക്കാനും അലക്കാനും വീടുകളിലെ കിണറ്റിലെ വെള്ളം തികയില്ല. അപ്പോഴാണ്‌ തൂംബെന്ന അത്ഭുത ഉറവ അനുഗ്രഹമായി മാറുന്നത്. സ്ത്രീകളും, പുരുഷന്മാരും, ഒപ്പം കുട്ടികളും കുളിക്കാനും, വസ്ത്രങ്ങള്‍ അലക്കാനും തുമ്പിനെയാണ് ആശ്രയിക്കുന്നത്. ആളുകള്‍ എത്രക്കൂടിയാലും വെള്ളത്തിന്‌ ഒരു പഞ്ഞവും ഇല്ല. അത് ഒഴികിക്കൊന്ടെയിരിക്കുന്നു. തൂമ്പ് ഒത്തിരിയേറെ കാര്യങ്ങള്‍ക്ക് സാക്ഷിയാണ്. പരദൂഷണം, രാഷ്ട്രീയം, തമാശകളില്‍ തുടങ്ങിയുള്ള വഴക്ക്, അടി പിടി, അങ്ങനെ പോകുന്നു തൂംബിലെ ഓരോ വിശേഷങ്ങള്‍. സംസരിക്കാനകുമായിരുന്നെങ്കില്‍ തൂംബിനു പറയാനായി ഒത്തിരി കഥകളുണ്ടാകുമായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, സമയക്രമം അനുസരിച്ചാണ് തൂംബിലെ കുളിയും കഴുകലും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ചെറിയ തര്‍ക്കങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. രാത്രികാലങ്ങളില്‍ ആരും ഉപയോഗിക്കാത്തതിനാല്‍, കുടിക്കുന്നതിനായി ഇവിടെ നിന്നും ധാരാളം ആള്‍ക്കാര്‍ വണ്ടികളിലും മറ്റും വെള്ളം കൊണ്ട്പോകാറുണ്ട്.


1990-91, അപ്പോഴാണ് ഗള്‍ഫ്‌ വാര്‍, ഗള്‍ഫില്‍ നിന്നുള്ള പണത്തിനു ഒഴുക്കും കൊഴുപ്പും വളരെ കുറഞ്ഞു. നാട്ടിലെ പല ആഘോഷങ്ങളും, ഉത്സവങ്ങളും മുടങ്ങി. പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും നിറഞ്ഞു നില്ക്കുന്നത് സദ്ദാമും ബുഷും പിന്നെ ഗള്‍ഫില്‍ നിന്നു തിരിച്ചുവരവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും. അങ്ങനെ അമേരിക്കന്‍ ഹുങ്കിനെ എതിര്‍ത്തും സദ്ദാമിനെ അനുകൂലിച്ചും ഞങ്ങള്‍ പ്രകടനം നടത്തി. ഒപ്പം സദ്ദാമിന്റെ പേരില്‍ ഞങ്ങള്‍ ഒരു ബസ്സ് സ്റ്റൊപ്പുണ്ടാക്കി 'സദ്ദാം ജങ്ക്ഷന്‍' എന്ന് പരിട്ടു. ട്രാവല്‍സ് നിസാര്‍ ഇക്കയുടെ വീട്ടിലേക്ക് പോകുന്ന വഴി ആയിരുന്നു ആ ജങ്ക്ഷന്‍. അങ്ങനെ പോകുന്നു അന്നത്തെ ഓരോ ചെയ്തികള്‍. ഷിഹാബ് കൂടെ ഉണ്ടായിരുന്ന കുറെ നാളുകള്‍ അടിച്ചുപൊളിച്ച, രസകരമായ നാളുകളായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയ്യാത്ത ദിനങ്ങള്‍! അങ്ങനെ ആ ദിനങ്ങള്‍ ഓരോന്നായി കടന്ന് മാസങ്ങളായി, ഒരു ദിവസം അവനും ദുബായിലേക്ക്....പറന്നു. ഞാന്‍ തികച്ചും ഒറ്റപ്പെട്ടതുപോലെ തോന്നിയ ദിവസങ്ങള്‍. മാസങ്ങള്‍ കടന്നു... ആറുമാസത്തിനു ശേഷം ആയിരത്തി തോള്ളയിരത്തി തോന്നൂറ്റിനാല്, മാര്‍ച്ച്‌ മാസം ഇരുപത്തിമൂന്ന്, അന്നൊരു ബുധനാഴ്ചയായിരുന്നു. എന്‍റെ ചെറിയ ലോകത്തില്‍നിന്നു മറ്റൊരു സ്വപ്ന ലോകത്തേക്ക് ഞാനും പറന്നു. അങ്ങനെ എന്‍റെ ജീവിതമിപ്പോ ദുഫായിലാണ്.


ഓര്‍മ്മിക്കാന്‍ സുഖമുള്ള ഒത്തിരിയേറെ ഓര്‍മ്മകളും, നോവുകളും, കളികളും താമശകളുമായ് കഴിഞ്ഞ ആ നല്ലനാളുകളിലേക്ക് ഒന്നുകൂടി മടങ്ങാന്‍ കഴിഞ്ഞങ്കില്‍, അറിയാതെ ആഗ്രഹിച്ചുപോവുകയാണ്! ആ നല്ലനാളുകള്‍ ഇന്നും മനസ്സില്‍ സജീവമായി നില്ക്കുന്നു. അതിന് കാരണക്കാരായ എന്‍റെ സുഹൃത്തുക്കളെ ഞാന്‍ ഓര്‍മിക്കാതെ പോയാല്‍ അത് എന്‍റെ കഴിഞ്ഞ കാലത്തോടുള്ള നന്ദികേടാവും.

എന്‍റെ പേരും സംഗീതവും.

ഇനി അല്പം സംഗീത ചിന്തകള്‍, കുട്ടിക്കാലം മുതല്‍ സംഗീതം എനിക്കിഷട്ടമായിരുന്നെങ്കിലും സംഗീതം പഠിക്കാനോ കേട്ട പാട്ടുകള്‍ പാടാനോ ശ്രമിച്ചിട്ടില്ല. എങ്കിലും സംഗീതത്തിനോട് വല്ലാത്ത ഒരു ഭ്രമമായിരുന്നു. എന്‍റെ കുട്ടിക്കാലത്ത് റംല ബീഗം, ഐഷ ബീഗം, V.M കുട്ടി തുടങ്ങിയവരുടെ ഗാനങ്ങല്‍ക്കായിരുന്നു പ്രിയം. അതുകൊണ്ട് തന്നെ സിനിമ ഗാനങ്ങളോ, മറ്റു ഗാനങ്ങളോ കേള്‍ക്കാനുള്ള മാര്‍ഗം റേഡിയോ മാത്രമായിരുന്നു. അതിനൊക്കെ ഒരു മാറ്റം വന്നത് വാപ്പ പേര്‍ഷ്യയില്‍ നിന്നും വന്ന ശേഷമാണ്. വാപ്പക്ക് സംഗീതം ഒത്തിരി ഇഷ്ട്ടമായിരുന്നു, അതുകൊണ്ട് തന്നെ അദ്ദേഹം പേര്‍ഷ്യയില്‍ നിന്ന് വന്നപ്പോ ഒത്തിരിയേറെ കളക്ഷന്‍സ്‌ ഉണ്ടായിരുന്നു അതില്‍ റാഫി സാബ് , മുകേഷ്, സൈഗാള്‍, ലതാജി, നൂര്‍ജഹാന്‍ അങ്ങനെ ഹിന്ദി ഗാനങ്ങളുടെ ഒരുപാട് കാസെറ്റുകള്‍. രാത്രിയിലാണ് വാപ്പ പാട്ടുകള്‍ കേള്‍ക്കാറ്. ആദ്യമൊക്കെ ഞങ്ങള്‍ക്കൊന്നും മനസിലായില്ല. സ്ഥിരമായി കേട്ടപ്പോ പതുക്കെ പാട്ടുകളോട് ഇഷ്ടം തോന്നി. പിന്നെ ഓരോ സംശയങ്ങളുമായി വാപ്പയുടെ അടുത്തെത്തി. തുടര്‍ന്ന് വാപ്പ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളെയും വിളിക്കും. കൂടെ ഇരുത്തി പാട്ടുകളും അതിന്‍റെ അര്‍ത്ഥവുമൊക്കെ വിശതമായി പറഞ്ഞു തരുമായിരുന്നു. വാപ്പക്ക് ഉര്‍ദുവും, ഹിന്ദിയും നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ട് പാട്ടുകളും അതുമായി ബന്ധപ്പെട്ട സിനിമയിലെ രംഗങ്ങളും പറഞ്ഞു തരുമായിരുന്നു. കുട്ടിക്കാലത്തു തന്നെ ഞങ്ങള്‍ ഹിന്ദി പഠിക്കണമെന്ന് വാപ്പക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഒരു പുതിയ നിയമം വന്നു, രാത്രിയില്‍ ഹിന്ദി മാത്രമേ വീട്ടില്‍ സംസാരിക്കാന്‍ പാടുള്ളു. ഉമ്മാക്ക് ഒന്നും മനസ്സിലാകാതിരുന്നതിനാല്‍ ആ നിയമം പാസയില്ല.

ഉര്‍ദു ഭാഷയോടും സംഗീതത്തിനോടുമുള്ള അതീവ താല്പര്യം കൊണ്ടാണ് വാപ്പ എനിക്ക് അല്‍താഫ്‌ ഹുസൈന്‍ എന്ന് പേരിട്ടത് പണ്ട് മഹാനയ ഒരു ഉര്‍ദു കവി ജീവിച്ചിരുന്നു (1837-1914) അദ്ധേഹത്തിന്റെ പേര് മൌലാന അല്‍താഫ്‌ ഹുസൈന്‍ ഹാലി എന്നായിരുന്നു. അദ്ധേഹത്തിന്റെ കവിതകളും, എഴുത്തുകളും ഇഷ്ട്ടപെട്ടിരുന്ന വാപ്പ, ഞാന്‍ ജനിച്ചപ്പോ അദ്ധേഹത്തിന്റെ പേര് എനിക്കിട്ടു. മൌലാന എന്നതും ഹാലി എന്നതും സ്ഥാന പേരുകളാണ്, അതിനാല്‍ അദ്ധേഹത്തിന്റെ യഥാര്‍ത്ഥ പേര് അല്‍താഫ്‌ ഹുസൈന്‍ എനിക്കിട്ടു. ഇതാണ് എന്‍റെ പേരിന്‍റെ ചരിത്രം.

അങ്ങനെ സംഗീതത്തിനോടുള്ള എന്‍റെ ഭ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു. ക്രമേണ വാപ്പയുടെ കളക്ഷന്‍സ്‌ എന്റെതായി ഒപ്പം പുതിയ ജനറേഷന്‍ പാട്ടുകളും. അപ്പോഴേക്കും മലയാളം, ഹിന്ദി, തമിഴ് സിനിമ ഗാനങ്ങളും എന്‍റെ കയ്യില്‍ എത്തി തുടങ്ങി. ഒരിക്കല്‍ വാപ്പയെ നിര്‍ബന്ധിച്ചു ഒരു ആമ്പ്ലിഫയര്‍ രണ്ടു ബോക്സ്‌ പിന്നെ വയറും മറ്റു സാധനങ്ങളും ഒപ്പിച്ചു. അങ്ങനെ പാട്ട് കേള്‍ക്കാന്‍ പുതിയ രീതികള്‍... പ്രീ ഡിഗ്രി ആയതോടെ ഇംഗ്ലീഷ് പാട്ടുകളും കേള്‍ക്കാന്‍ തുടങ്ങി അതിനു നന്ദി പറയേണ്ടത് ഞാന്‍ ആദ്യം പറഞ്ഞ സായിപ്പിനോടാണ്. അങ്ങനെ കുട്ടിക്കാലത്ത് തുടങ്ങിയ സംഗീത പ്രേമം ഇന്നും തുടരുന്നു. ഇന്നെന്‍റെ കയ്യില്‍ പതിനഞ്ചില്‍ പരം രാജ്യങ്ങളിലെ പാട്ടുകളുടെ കളക്ഷന്‍സ്‌ ഉണ്ട്. സംഗീതം ആസ്വദിക്കാനും അതിന്‍റെ ചരിത്രം മനസ്സിലാക്കാനുമായി ഒരുപാട് ടൈം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി, എനിക്ക് ഏറെ ഇഷ്ട്ടമാണ്. മഹ്ദി ഹസ്സന്‍ സാബ്, എനിക്കേറ്റവും ഇഷ്ട്ടപെട്ട ശബ്ദം. പിന്നെ, പിന്ന അനുഷ്ക ശകര്‍, രവി ശങ്കര്‍, അംജദ് അലി ഖാന്‍, അജോയ് ചക്രബര്‍ത്തി, ഗുലാം മുസ്തഫ ഖാന്‍, ജസ്സരാജ്, ശിവകുമാര്‍ ശര്‍മ, ഗുലാം അലി അങ്ങനെ പോകുന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ എനിക്കിഷ്ട്ടപെട്ട അമുല്യങ്ങള്‍. ഇഷ്ടപെട്ട രാഗങ്ങള്‍, ദര്‍ബാരി, യെമന്‍, മധുവന്തി, കല്യാണ്‍, ഹംസധ്വനി, മേഘ മല്‍ഹാര്‍, ജോന്‍പുരി, കീര്‍വാണി. ഇഷ്ടപെട്ട സംഗീത ഉപകരണങ്ങള്‍ സന്ദൂര്‍, സിത്താര്‍, തബല, സരോദ്, പുല്ലാങ്കുഴല്‍.
.
സംഗീതത്തെ കുറിച്ചുള്ള എന്‍റെ അന്വേഷണ വിശേഷങ്ങള്‍ താഴെ കാണുന്ന ബ്ലോഗില്‍ വിശതമായി ഞാന്‍ എഴുതിയിട്ടുണ്ട്. ദയവായി സന്ദര്‍ശിക്കുക. http://althafonlinemusic.blogspot.com/
.
പ്രിയ സുഹ്ര്‍ത്തെ, എന്‍റെ ഈ കുറിപ്പുകള്‍ വായിച്ചതിനു ഒരുപാട് നന്ദി. ദയവായി നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും എഴുതാന്‍ മറക്കരുത്. താഴെകാണുന്ന comments എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതാവുന്നതാണ്.
.
ഇന്റര്‍നെറ്റില്‍ ഒരു മലയാളം ബ്ലോഗ്‌ രൂപപ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി അക്ഷരതെറ്റുകള്‍ സദയം ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.
.

സ്നേഹപൂര്‍വ്വം


അല്‍താഫ്‌ ഹുസൈന്‍ നടയറ

ദുബായ്

.